പണിക്കരുടെ ” വീട്ടിലൂണ് “ Leave a comment

By Abin Mathew
ഇതു രാജീവ് പണിക്കരുടെ ” ഹോംലി മീൽസ് ” എന്ന പുസ്തകത്തെ പറ്റിയുള്ള ഒരു ചെറിയ ആസ്വാദന കുറിപ്പാണ്..
ഒരുപാട് യാത്ര ചെയ്യുന്ന ആളായത് കൊണ്ട് എവിടെ പോയാലും അന്വോഷിക്കുന്ന ഒന്നാണ് ഇവിടെ എവിടെയാ വീട്ടിലൂണ് കിട്ടുക എന്ന്.. വീട്ടിലൂണ് ന്നു വെച്ചാൽ അതൊരു ഫീലിംഗ് ആണ്.. ആ പേരിൽ ഒരു വീടുണ്ട്.. വീട് എല്ലാവർക്കും വല്ലാത്തൊരു വികാരം തന്നെയാണ്. വീടു എന്നു പറയുമ്പോൾ സിമന്റും കട്ടകളും ഒക്കെ ചേർത്തു വെക്കുന്ന കെട്ടിടം അല്ലാട്ടോ… ആ കെട്ടിടം വീടാക്കുന്ന ചിലതുണ്ട്. അച്ഛൻ.. അമ്മ.. കുഞ്ഞുങ്ങൾ.. സ്നേഹം… കൊച്ചു കൊച്ചു തമാശകൾ.. കുറുമ്പുകൾ.. വഴക്കുകൾ.. കണ്ണുനീർ.. ബന്ധുക്കൾ.. വീടിനു അടുത്തുള്ള സൗഹ്രദങ്ങൾ . കുട്ടിക്കാലം.. ഓർമ്മകൾ… മാങ്ങാ പെറുക്കി നടന്നത്.. ഒന്നിച്ചു കളിച്ചത്.. കുളിച്ചത്.. മീൻ പിടിച്ചത്.. അങ്ങനെ പ്രളയം പോലെ ഓർമ്മകളുടെ കുത്തൊഴുക്കാണ് വീട് എന്ന ഒറ്റവാക്ക് നമുക്ക് നല്കുന്നത് ( സംശയം ഉണ്ടേൽ വെറുതെ കണ്ണടച്ച് വീട് എന്നൊന്നോർത്തു നോക്കിയേ )
അതെ, ആ ഓർമ്മകളുടെ കുത്തൊഴുക്കാണ് പണിക്കരുടെ ഈ ഹോംലി മീൽസ്… നമ്മളൊക്കെ നഷ്ടമായി എന്ന്‌ പറയുന്ന ചിലതില്ലേ..അതൊക്കെ നല്ല അടുക്കും ചിട്ടയുമായി ചേർത്തു വെച്ചു നല്ലൊരു വീട്ടിലൂണ് പോലെ നമുക്ക് തരികയാണ് രാജീവ്.
ഇതിൽ എന്താണ് പുതുമ എന്നു ചോദിച്ചാൽ ഞാൻ പറയും, പുതുമയല്ല, നമ്മുടെ ഒക്കെ പഴമയാണ് ഈ പുസ്തകമെന്നു.. നമുക്കെല്ലാം കാണും ഇത്തരം ഒരായിരം ഓർമ്മകൾ എന്നാൽ ഇതു പോലെ എഴുതാൻ നമുക്കാവുമോ എന്ന് ചോദിച്ചാൽ നിസംശയം പറയും ഇല്ലാന്ന്.. ഇരുത്തം വന്ന ഭാഷ … വായനയല്ല. മറിച്ചു വായനയിലൂടെ നല്കുന്ന രണ്ടു കണ്ണുകൾ കാണുന്ന ജീവിതാനുഭവങ്ങളാണ് ” ഹോംലി മീൽസ് “
ഹോംലി മീൽസിൽ എന്ന കഥയിൽ തുടങ്ങി ” മോന് ആരെയാ ഇഷ്ടം “വരെ അടങ്ങുന്ന ഇരുപത്തിയേഴു ഹാസ്യ കഥകളുടെ സമാഹാരം. പണിക്കത്തി എന്ന് സ്വയം വിശേഷിക്കുന്ന പണിക്കരുടെ കത്തി നമ്മൾ നന്നായി ആസ്വദിക്കും എന്നത് നൂറു ശതമാനം ഉറപ്പ്…
കട പൂട്ടിയിട്ടും, അറിയാതെ എത്തുന്ന പണിക്കർക്ക് ഊണ് വിളമ്പുന്ന അച്ഛൻ മുതൽ അങ്ങോട്ട്‌ രസകരവും ഒപ്പം ഗൃഹാതുരതയും നിറഞ്ഞു നിൽക്കുന്ന ഓർമ്മകളുടെ ഒരു കുത്തൊഴുക്കാണ് ഈ പുസ്തകം. രസകരമായി കഥകൾ പറയുന്ന ഒരു നല്ല സുഹൃത്തിനെ ആർക്കാണ് ഇഷ്ടമല്ലാത്തത് . അതെ പണിക്കരു ഹോംലി മീൽസിൽ ചെയ്യുന്നതും അത് തന്നെയാണ് .
കുട്ടിക്കാലത്തു കൊച്ചു കൊച്ചു വേദനകളും വിഷമങ്ങളും ഇന്ന് ഓർക്കുമ്പോൾ ചിരിക്കുള്ള ഓരോ വലിയ ചിന്തകളായി തോന്നാറുണ്ട് . അന്ന് ദേഷ്യപ്പെട്ടതും കരഞ്ഞതും ഒക്കെ ഓർത്തു ഇന്ന് ചിരിക്കാറുണ്ട് . അതേ ഓർമ്മകളെ പുരാവിഷ്കരിക്കുകയാണ് രാജീവ് ചെയ്യുന്നത് . വായനക്കപ്പുറം ..ചിരിക്കപ്പുറം കുറേ നന്മയുള്ള ചിന്തകളും ഓരോ കഥയിലും വായനക്കാർക്കായി രാജീവ് ബാക്കി വെയ്ക്കുന്നു .
മലയാളിയോട് ഹിന്ദി പറയുന്ന മറ്റൊരു മലയാളി ( പെരുമ്പാവൂരിൽ ഇതിപ്പോൾ സർവ സാധാരണമാണത്രെ ), വളയിട്ട കൈകളുമായി എത്തിയ ഗൗരി.. ക്രിസ്തുമസിന് അമ്മയുടെ കൂട്ടുകാരിയുടെ വീട് സന്ദർശിച്ച പണിക്കർ നമ്മളെ ചിരിപ്പിച്ചു കൊല്ലും.. ഒരു നോട്ടത്തിനു എത്ര അർത്ഥം. അമ്മയുടെ കർശന നിയമങ്ങൾക്കും സ്വന്തം ഇഷ്ടങ്ങൾക്കും ഇടയിൽ പെട്ടു പോയ പാവം കുഞ്ഞു പണിക്കർ..സത്യം ചിരിച്ചു ചത്തു .
നിറങ്ങൾ വേർതിരിച്ചു കാണാൻ പ്രയാസമുള്ള അവസ്ഥയെ ( color blindness) പണിക്കര് ” പാ.. പാ. ടിംഗ്.. ടിംഗ് .. എന്ന് പറഞ്ഞു അവതരിക്കുമ്പോൾ അവിടെയും ചിരിയാണ് വായനക്കാരന് കിട്ടുക.. വേൽമുരുകനിൽ തനി മലയാളിയെ നമുക്ക് കാണാം.. പണ്ട് ഞാനും ഇങ്ങനെ വഴിയൊക്കെ പറഞ്ഞു കൊടുക്കും.ഇനി കാണില്ലല്ലോ എന്ന വിശ്വാസത്താൽ.. ഹോ. അന്നെങ്ങാനും വീണ്ടും കണ്ടിരുന്നെങ്കിലോ…
ഉപകാരിയായ സർ ന് പണി കൊടുത്തു ജോലി കളഞ്ഞ സുഹൃത്തും.. അച്ഛൻ പണ്ട് സുഹൃത്തിനു കൊടുത്ത സൈക്കിളിനു വേണ്ടി അടികൂടിയ കുഞ്ഞു പണിക്കർ നമ്മളെ വീണ്ടും ചിരിപ്പിക്കും.. പണിക്കരുടെ കുസൃതിയും അതിന്റെ വിവരണവും അസാധ്യം .മാത്രമല്ല നമ്മുടെ പഴയ കാലത്തേക്ക് ഒരു നിമിഷം പിന്നോട്ട് പായിക്കുകയും..
കൂട്ടുകാരന്റെ മദാമ്മയുടെ വളച്ച ഇംഗ്ളീഷ്, സ്വപ്നത്തിലെ സ്വർണ അമ്മിപ്പിള്ള.. സ്കൂളിൽ പോകാതെ മുങ്ങി നടക്കുന്ന റബറു വെട്ടുന്ന ചേട്ടന്റെ മോൻ.. മുതൽ.. ഏത് എടുത്താലും അവിടെയൊക്കെ നമ്മൾ അറിയുന്ന. നമ്മൾക്കിടയിലുള്ള ആരൊയൊക്കെയോ നമുക്ക് കാണാൻ പറ്റും. . ഇവരെയൊക്കെ നമുക്കും അറിയാമെന്ന് നമ്മൾ ആവേശത്തോടെ ചിന്തിക്കുകയും ചെയ്യും..
എല്ലാ കഥകളും കഥാപാത്രങ്ങളും എടുത്തു പറയണമെന്നുണ്ട്.. അത്രയ്ക്ക് അത്രമേൽ ഹൃദ്യമാണ് ഓരോ കഥയും. വീൽ മോഷണം പോയ മോട്ടോർ സൈക്കിൾ.. ഒരു മിഡിൽ ക്ലാസുകാരന്റെ വാലൻന്റൈൻ ഗിഫ്റ്റ്.. കാത്തു കാത്തു നോക്കിയിരുന്ന മുന്തിരിങ്ങയുടെ കഥ.. ചെസ്സ്‌ കളി പ്രീയനായ ഭർത്താവ്.. ട്രാൻസ്പോർട്ട് ബസിലെ ബസിലെ കണ്ണൂർ യാത്ര.. മോട്ടോർ സൈക്കിൾ ഇടിച്ച അപ്പൂപ്പൻ.. കൈപ്പുട്ടും ഉറക്കവും അങ്ങനെ ഓരോ കഥയും തുറന്നിടുന്ന വാതായനത്തിലൂടെ ഒരായിരം ഓർമ്മകളാണ് വായനക്കാരന് തുറന്ന് കിട്ടുക.
ഇനിയുമുണ്ട് രാമൻ സർ.. സോഡിയം പരീക്ഷണം.. കണ്ണട ക്ക് വേണ്ടിയുള്ള അഭിനയം ( കുഞ്ഞിലെ ഞാനും കുറേ അഭിനയിച്ചതാ 😀) പിന്നെ പുഴമീൻ ഹോട്ടലിന്റെ പിൻവശത്തുള്ള സുഗന്ധി ചിരിപ്പിച്ചു കൊന്നു. ( ഞാനും ഇങ്ങനാ ) ലക്ഷ്മി അമ്മായിടെ കുളിപ്പീര്.. അങ്ങനെ ഒരുപാടുണ്ട് വായിക്കാൻ.. ചിരിക്കാൻ…
ഇപ്പോൾ തോന്നുന്നില്ലേ ഒന്നു വായിക്കണം ന്ന്‌.. ഞാനീ പറഞ്ഞത് ഒരുപാട് കുറവാണു.. ആസ്വദിച്ചു വായിച്ചാൽ നമ്മളും പായും പണിക്കരുടെ കൂടെ.. പഴയ മാവിൻ ചുവട്ടിലേക്ക്… ചെരുപ്പ് വെട്ടിയ വണ്ടിയിലേക്ക്… ഒന്നാം ക്ലാസ്സിലേക്ക്.. ചോക്ക് പൊടി മണക്കുന്ന സ്‌കൂളിലേക്ക്.. പ്രണയവും സൗഹ്രദവും പൂക്കുന്ന കലാലയത്തിലേക്കു… ഒന്നു പോണ്ടേ.. ഒന്നൂടി അവിടെ എല്ലാം..
വായിക്കണം.. അത്രയ്ക്ക് ഹൃദ്യം.. 
“ഹോംലി മീൽസ് ”
പണിക്കത്തി അഥവാ പണിക്കരുടെ കത്തി
ഹാസ്യ കഥാസമാഹാരം
വില : 150. 00
പ്രസാധനം : നല്ലെഴുത്ത്.

www.nallezhuth.com

Leave a Reply